വാഷിംഗ്ടൺ ഡിസി: ഇറാന്റെയും യുഎസിന്റെയും പ്രതിനിധികൾ പാക്കിസ്ഥാനിൽ നേരിട്ടു ചർച്ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ജർമൻ വിദേശകാര്യമന്ത്രി യൊഹാൻ വാഡേഫുൽ ആണ് ഇക്കാര്യത്തിൽ സൂചന നല്കിയത്. ഇരുവിഭാഗവും പരോക്ഷമായി ബന്ധപ്പെടുന്നുണ്ടെന്നും നേരിട്ടുള്ള ചർച്ചയ്ക്ക് ഒരുങ്ങൾ നടക്കുകയാണെന്നും അദ്ദേഹം ഒരു ജർമൻ മാധ്യമത്തോടു പറഞ്ഞു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാത്തതിന്റെ പേരിൽ ഇറാനിലെ വൈദ്യുത നിലയങ്ങൾക്കു നേർക്ക് പദ്ധതിയിട്ടിരിക്കുന്ന ആക്രമണം ഏപ്രിൽ ഏഴു വരെയുള്ള പത്തു ദിവസത്തേക്കുകൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഇറാന്റെ അഭ്യർഥന പ്രകാരമാണിതെന്ന് ട്രംപ് അകവാശപ്പെട്ടു. അതേസമയം, അമേരിക്കയുമായി ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെയും ഇസ്രേലി ആക്രമണമുണ്ടായി. ഖോം നഗരത്തിലെ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടതായി ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.